മനില: ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി ഫിലിപീൻസ് തലസ്ഥാനമായ മനിലയിൽ പുരോഗമിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ പതിനൊന്ന് അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും പങ്കാളിത്ത രാജ്യങ്ങളിലെ പ്രതിനിധികളുമാണ് മനിലയിൽ സമ്മേളിക്കുന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ് - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനം ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നു.
മേഖലയിലും ആഗോളതലത്തിലും നിലനിൽക്കുന്ന കടുത്ത രാഷ്ട്രീയ, സുരക്ഷാ ആശങ്കകൾ ചർച്ചയാകും. പശ്ചിമേഷ്യൻ സംഘർഷം ആഗോള സാമ്പത്തിക രംഗത്തെയും ഊർജ വിതരണത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവും പ്രധാന ചർച്ചയിൽപ്പെടുന്നു. മ്യാന്മറിലെ സൈനിക അട്ടിമറിയെത്തുടർന്നുണ്ടായ ആഭ്യന്തരകലാപം അവസാനിപ്പിക്കാൻ ആസിയാൻ മുന്നോട്ടുവച്ച സമാധാനപദ്ധതി അഞ്ചു വർഷം പിന്നിട്ടിട്ടും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ട സംഘർഷത്തിനു പരിഹാരം കാണാൻ അംഗരാജ്യങ്ങൾ പ്രാഥമിക ചർച്ചകൾ നടത്തും.
തെക്കൻ ചൈനാ കടലിലെ തർക്കങ്ങൾ പരിഹരിക്കാൻ ആസിയാനും ചൈനയും തമ്മിൽ പെരുമാറ്റച്ചട്ടം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പത്തു വർഷമായി തുടരുകയാണ്. അടുത്തിടെ തർക്കപ്രദേശമായ സെക്കൻഡ് തോമസ് ഷോളിനു സമീപം ഫിലിപീൻസ് സൈനികനുനേരേ ചൈനീസ് കോസ്റ്റ് ഗാർഡ് ആക്രമണം നടത്തിയത് മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്ക് പുറമെ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കുചേരും. ഉച്ചകോടിയുടെ അനുബന്ധമായി യുഎസ് - ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, തെക്കൻ ചൈനാ കടലിലൂടെയുള്ള കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി. വാണിജ്യ പാതകൾ ഒരു പ്രത്യേക ശക്തിയുടെ നിയന്ത്രണത്തിലാകുന്നത് മേഖലയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും റൂബിയോ മുന്നറിയിപ്പ് നൽകി. 2016-ലെ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ വിധി അനുസരിച്ച് ദക്ഷിണ ചൈനാ കടലിൽ ചൈന ഉന്നയിക്കുന്ന അവകാശവാദങ്ങൾക്കു നിയമസാധുതയില്ലെന്നും റൂബിയോ ആവർത്തിച്ചു.